2015, നവംബർ 21, ശനിയാഴ്‌ച

നവംബറിന്റ നഷ്ടം ചുംബനം മാത്രമോ....?


---------------------------------------------------@

പ്രിയപ്പെട്ട അനാമിക,
തൂമഞ്ഞിനിടയില്‍നിന്ന്‍
നനുത്തപ്രകാശമായ് നിന്‍റെ മന്ദഹാസം
എന്നെ തൊടുന്നത് ഞാനറിയുന്നു.
മരങ്ങള്‍ ഉണര്‍ന്നുതുടങ്ങുന്നതേയുള്ളൂ
രാവില്‍സ്വപ്നംകണ്ടുമയങ്ങിയ
പക്ഷിഗണങ്ങള്‍ പരസ്പരം
ചുംബിച്ചു പുതിയപുലരിയി-
ലേക്കുണര്‍ന്നു വാചാലമാകുന്നു.
സ്നേഹത്തിന്‍റെ സുഗന്ധവാഹിയായ
തൂവലുകള്‍ നീയവശേഷിപ്പിച്ചരാത്രിയില്‍
ഞാന്‍ യൂദായെ സ്വപ്നംകണ്ടു!
"അവന്‍ ജനിക്കാതിരുന്നെങ്കില്‍"
എന്നവനെക്കുറിച്ചു വേദനിച്ച
ഗുരുവിന്‍റെ നേത്രങ്ങള്‍
സജലങ്ങളാകുന്നതു ഞാനറിഞ്ഞു
കുറച്ചു വെള്ളിനാണയങ്ങള്‍...
ഒരു ചുംബനം മാത്രമാണ്
അവനു ചെലവുവന്നതു്
അതോടെ അവനിലവശേഷിച്ച
നന്മയും ചോര്‍ന്നുപോയി.
നന്മപ്രസരിക്കാത്ത വഴികളിലൂടെയാണ്‌
ഈ കെട്ടകാലത്തിലെ യാത്രകള്‍
കരങ്ങള്‍കോര്‍ത്തുനാം ഇനി
സൂക്ഷിച്ചുചുവടുകള്‍ വയ്ക്കുക.
ചുംബനങ്ങളുടെ വഴിയില്‍
ചതി പതിയിരുപ്പുണ്ടെന്നു
അനുഭവിച്ചറിഞ്ഞവരുണ്ട്‌.
ഉടലിന്റെഉഷ്ണസഞ്ചാരങ്ങളെ
പണംകൊണ്ട് ശമിപ്പിക്കുന്നവരില്‍ നിന്ന്‍
നാം നമ്മുടെ വിശുദ്ധചുംബനങ്ങളെ
സൂക്ഷിച്ചു വയ്ക്കേണ്ടതായിട്ടുണ്ട്.
ഓരോ ചുംബനവും അതിനര്‍ഹത
യുള്ളവര്‍ക്കുമാത്രം അവകാശപ്പെട്ടതാണു്.
നിന്‍റെ പേലവാധരങ്ങളില്‍ നിറഞ്ഞ-
മധുരം നുകരുന്നതിന് നിന്‍റെ മിഴികളിലൂടെ
ഞാനെന്നെ കാണുന്നു.
നിന്‍റെ ചുംബനങ്ങള്‍ക്കു പാത്രമാകാന്‍
ഞാനെന്നെ നിര്‍മ്മലനാക്കുന്നിടത്തു നിന്ന്‍
എന്‍റെ പ്രണയത്തിന്റെ യാത്ര തുടങ്ങുന്നു.


//////////ബന്‍സിജോയ്                 22.11.15

2015, നവംബർ 7, ശനിയാഴ്‌ച

ക്യാമറ വച്ച വിദ്യാഭ്യാസം

(മുന്തിയ ഫീസുവാങ്ങുന്ന ഒരു സ്കൂളില്‍, അധികാരികള്‍ അദ്ധ്യാപികമാരെ പുറംകുപ്പായം അണിയിച്ചു.പൊക്കിളാണു കാരണം.ക്ലാസ്സുമുറിയില്‍ ക്യാമറയും വച്ചു.ഇനി ഡിസിപ്ലിന്‍ വരും!!!)


------------------------------------@
പരാങ്മുഖനായ പഠിതാവാണ് ഞാനിന്ന്‍
എന്‍റേകാഗ്രതയ്ക്കു ഭംഗം വന്നിരിക്കുന്നു.
എന്നുരിയാട്ടങ്ങള്‍ക്കുമീതേ ഉടലിന്നു മീതേ
ഉടുപ്പിന്നുമീതേ ഉച്ചഭക്ഷണത്തിന്നുമീതേ
ഇമവെട്ടത്തൊരുകണ്ണ് തുറന്നുവച്ചിരിക്കുന്നു.
എന്റെ ചലനങ്ങള്‍ ആലേഖനം ചെയ്ത്
ആരോകാഴ്ചയ്ക്കു വിഷയമാക്കുന്നു
അവരുടെ ഹിതത്തിനനുസരിച്ച്
എന്റെ ചലനങ്ങള്‍രൂപപ്പെടുത്താന്‍
ഞാനിനി പഠിക്കേണ്ടിയിരിക്കുന്നു.

ഉള്ളില്‍ കുടുങ്ങിപ്പോയ വാക്കുകളുടെ ഭാരത്താല്‍
മുറിവേല്‍ക്കപ്പെട്ട ഒരദ്ധ്യാപിക ക്ലാസ്സില്‍
കൈകാലുകള്‍ക്കും മൌനത്തിന്റെ കടിഞ്ഞാണ്‍
സാരിക്കുമേലൊരു പുറംകുപ്പായമണിഞ്ഞെത്തിയത്
"പൊക്കിളുണ്ടാക്കിയ പ്രകോപന"മെന്ന്‍ നെടുനിശ്വാസം.
കറുത്തചുവരില്‍ വെളുത്തചോക്കുകൊണ്ട്
വരയപ്പെടുന്ന അക്ഷരങ്ങള്‍ ഇന്ന്‍ ആരിലേക്കും
അര്‍ത്ഥബോധം നിറച്ചെത്തുന്നില്ല.
തലയ്ക്ക്മുകളില്‍ ഡമോക്ലിസിന്റെ വാളുപോലെ
ഒരു മൂന്നാംകണ്ണ് തിരിയുന്നു.

ഇന്നു ക്ലാസ്സുമുറിയൊരു തടവറയാണ്
അര്‍ത്ഥശൂന്യമായവാക്കുകള്‍ ചിതറിത്തെറിക്കുന്നു.
ഹനിക്കപ്പെടുന്ന എന്‍റെ സ്വാതന്ത്ര്യം
മനസ്സിലൊരു വന്യതവളര്‍ത്തുന്നു.
ആര്‍ക്കോവേണ്ടി ഇന്‍കുബേറ്ററില്‍
വിരിയിച്ചെടുക്കുന്ന ചരക്കുകള്‍ മാത്രമാണി-
ച്ചുവരുകള്‍ക്കുള്ളില്‍ രൂപപ്പെടുന്നത്.
വായ്ത്തലയ്ക്കു കീഴെ നിശബ്ദമായ്
ശിരസ്സു നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍

ബന്‍സി ജോയ് 8-11-15

2015, നവംബർ 4, ബുധനാഴ്‌ച

പശു ഒരു ഭീകരജീവിയാണ്


തൊഴുത്തില്‍നിന്നപശു
ഭയമായി തെരുവിലിറങ്ങിനടക്കുന്നു.
കയറിന്‍റെമറ്റേയറ്റംകയ്യാളുന്നവര്‍
കാഴ്ചയ്ക്കുമറഞ്ഞുനില്‍ക്കുന്നു.
അധികാരത്തിന്‍റെ മേച്ചില്‍പ്പുറങ്ങ-
ളന്വേഷിച്ചതിലഭിരമിക്കുന്നവര്‍
പശുവിന്‍റെയടിസ്ഥാനത്തില്‍
മനുഷ്യനെ മൂന്നായിതിരിച്ചു
ബീഫുതിന്നുന്നവര്‍
ബീഫുതിന്നാത്തവര്‍
ബീഫുവിറ്റ് കാശാക്കുന്നവര്‍
ഇവര്‍പരസ്പരം ഇരകളും
വേട്ടക്കാരുമാകുമ്പോള്‍
കൂര്‍ത്തകൊമ്പുകള്‍ക്കിടയില്‍
ജീവിതം വിറങ്ങലിച്ചുനില്‍ക്കുന്നു
മനുഷ്യന്‍റെവില ചാണകത്തിലും
താഴെയെന്ന് സെന്‍സെക്സ് സൂചിക.

////ബന്‍സി ജോയ്‌                        ൫-൧൧-൧൫

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...