2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

രാവണപക്ഷത്ത്


-----------------------------------------------------------@
കഥയമമ കഥയമമ
കഥകളതിസാദരമെന്ന്‍
അമരകവിതുഞ്ചത്തുരാമാനുജന്‍
കിളിമകളോടതിസരസമുരചെയ്ത്
വിരചിച്ച രാമകഥാമൃതം
ഉത്ക്കടഹര്‍ഷവുമതിവാത്സല്യവു-
മുള്‍ച്ചേര്‍ത്ത്‌ പ്രാര്‍ത്ഥനാനിര്‍ഭരം മുത്തശ്ശി
കോസലനാഥനെ സ്മരിച്ച്
പാരായണം ചെയ്യവേ
ഗ്രാനൈറ്റു തറയില്‍
വിലയേറിയ കാര്‍പെറ്റില്‍
എല്ലീഡീ വെട്ടത്തില്‍
ബോറടിച്ചെന്നുപറഞ്ഞ്
കോട്ടുവായിട്ട് സമീപസ്ഥനായ്‌
കൊച്ചുമകന്‍


അറിയണം നീയിക്കഥ
ഇടമുറിയാതെ മുഴുവനായ്
ഹൃദയത്തിലാക്കണം
അകപ്പോരുളറിയണം
അധര്‍മ്മത്തിന്നെതിരേ
മുഴങ്ങുന്നഞാണൊലി
അന്തരംഗത്തിലെന്നും മിടിക്കണം
രാമന്‍റെചരണം നിനക്കെന്നും
ശരണമായ്ത്തീരണം
പ്രാണന്‍പൊലിയുന്ന
നേരത്തുപോലുമാ
ലോകാഭിരാമന്‍റെ നാമം
മോക്ഷത്തിന്നുതകുന്ന കാരണമെന്ന്
അകതാരിലറിയണം
നീയെന്നുമെന്നും
മകനേ നീയിക്കഥാസാരമൊക്കെ
നന്നായിഗ്രഹിക്കേണമെന്നുചൊല്ലി
കവിളില്‍തലോടി സ്നേഹംചൊരിയവേ
മുത്തശ്ശിക്കറിയുമോ ടാര്‍സനെ
സ്പൈഡര്‍മാന്‍ സൂപ്പര്‍മാന്‍
മാന്‍ഡ്രേക്കെന്നിവരേ
എത്രരസമാണെന്തൊരു
സാഹസമാണിവരുടേതെന്ന്


കനപ്പെട്ടു നിശബ്ദത
പുകയായ് പുകഞ്ഞുയരുന്നു കദനം
നിര്‍വ്വാണപ്രാപ്തിക്കാഗ്രഹം
ജനിച്ചു പോയ്‌
സാധ്വിയാമാമുത്തശ്ശിക്ക്
രാമ ശ്രീരാമ സീതാഭിരാമ
ശ്രീരാമചന്ദ്രപരമാനന്ദമൂര്‍ത്തേ
രാമസായകമേറ്റൊരു
മോക്ഷമാണിതില്‍ഭേദം
ആയതിന്നിനി
രാവണപക്ഷത്തും ചേരാം
രാമ ശ്രീരാമചന്ദ്ര
നീതന്നെശരണം


///////ബന്‍സിജോയ്

2015, ഫെബ്രുവരി 22, ഞായറാഴ്‌ച

പനി

പനി
------------------------------------------------------------@

ഒരുതവണ
കാണുന്നതിന്
നൂറ്റിയമ്പതുരൂപ
കണ്ടു
ശ്വാസംപിടിച്ചു
വലിച്ചുവിട്ടു
നെഞ്ചിലും പുറത്തും
കുഴലുവച്ചു
വായും കണ്ണും പരമാവധി
തുറന്നുകാണിച്ചു
കുറിപ്പടിതന്നു
നേരേഎതിരേയുള്ള
മരുന്നുകടയില്‍നിന്നു
വാങ്ങണമെന്നു
പ്രത്യേകം പറഞ്ഞു
അതിന്നടുത്തലാബില്‍നിന്നു
രക്തം കഫം മലംമുത്രം
നെഞ്ചിന്നൊരു എക്സ്രേ
തലയ്ക്കൊരു സ്കാന്‍
എല്ലമെടുക്കേണ്ട വഴിയും
വഴിക്കണക്കും
വഴിപോലെ പറഞ്ഞുതന്നു
രണ്ടുദിവസം കഴിഞ്ഞു
വീണ്ടും വന്നുകണ്ടു
പരിശോധനാഫലങ്ങളില്‍
സൂക്ഷ്മപരിശോധന
കരുണം ശാന്തം അത്ഭുതം
ഭാവങ്ങള്‍ മിന്നിമറഞ്ഞു
"ഞാന്‍ കരുതിയതുപോലൊന്നും
തനിക്കില്ല.
ചെറിയൊരു പനി
കഴിഞ്ഞതവണ കുറിച്ച
ഗുളികകള്‍ കഴിച്ചാല്‍ മതി"
ഫീസ് സ്നേഹപൂര്‍വ്വം
സ്വീകരിച്ചഡോക്ടര്‍
ചിരിച്ചുകൊണ്ടു യാത്രയാക്കി.

///////ബന്‍സി ജോയ്

2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

അകമെഴുത്ത്


അകമെഴുത്ത്
---------------------------@
നീ നന്നായി
ചുണ്ടുകള്‍ ചുവപ്പിച്ചിരിക്കുന്നു.
അല്‍പംകൂടി-
കടുത്തനിറമുപയോഗിച്ച്
അതിന്നതിരുകളും
വരച്ചിരിക്കുന്നു.

മഷിയെഴുതിയ
നിന്‍റെ കണ്ണുകളിലെ
തിളങ്ങുന്നകാമന
യൌവനത്തിന്‍റെ
വിരുന്നുമേശയില്‍
തീക്ഷ്ണമായ പങ്കുവയ്ക്കലിന്
വീണ്ടും വീണ്ടും
എന്നെ ക്ഷണിക്കുന്നത്
ഞാനറിയുന്നു.

ഒരു ഗാഢചുംബനത്തില്‍
ഇല്ലാണ്ടായേക്കാവുന്ന
ചുണ്ടിലെചായം പോലെയാണ്
നമുക്കിടയിലെ രാഗമെന്ന്
ഞാനെന്‍റകത്ത്
ആവര്‍ത്തിച്ചാവര്‍ത്തിച്ച്
എഴുതിപ്പഠിക്കുന്നു.

///ബന്‍സി ജോയ്

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

ജീവജലധാര

ജീവജലധാര
------------------------------------------@
ഇതു മണല്‍പരപ്പിനുമീതേ
പരിശുദ്ധാത്മാവിന്‍റെ
പരിവര്‍ത്തനകാലം.
വചനപ്രവാഹത്തിനു
ജലവിതാനത്തെ
മാറ്റിനിര്‍ത്തിയ
അവന്‍റെകൈവേലയെ
നാം സ്തുതിക്കുക.
ഈ പരപ്പിനു മീതേ
അവന്‍റെ ആഴമുള്ള സ്നേഹം
വചനത്തിനു ബലംപകരുന്ന
പ്രാണന്‍റെ ഒഴുക്കായ്‌
എന്‍റെ ആത്മാവറിയുന്നു.
തേനറകളില്‍നിന്നു കിനിയുന്ന
മധുരംപോലെ
അവന്‍റെ വചനം
എന്‍റെ ഹൃദയംതൊട്ടറിയുന്നു.
അഹന്തയറ്റ് ശിരസുകുനിച്ച്
പൊടിയാവുക
മിഴിപൂട്ടുക ധ്യാനത്തിലമരുക
പ്രാണന്‍റെ വചസിനായ്....

///ബന്‍സി ജോയ്,
മലങ്കരസഭാതാരക 2015 ഫെബ്രുവരി.പേജ് 29

2015, ഫെബ്രുവരി 2, തിങ്കളാഴ്‌ച

പുറത്തേക്കു പോയ നസ്രേത്തുകാരന്‍





പുറത്തേക്കു പോയ
നസ്രേത്തുകാരന്‍

---------------------------------------------@
തണുപ്പിറ്റുന്ന രാത്രി കാലം
ആണ്ടറുതിക്കല്പ നേരം
ഇടവകധ്യാനയോഗം
പ്രാര്‍ത്ഥനാനിര്‍ഭരം
സ്തുതികളാല്‍ മുഖരിതം.


അരങ്ങത്ത്
ആട്ടവിളക്കിനു പിന്നില്‍
ആവിപറക്കുന്നനുഭവജ്ഞാനവുമായി
ആത്മീയനവാതിഥി
മാനസാന്തരം വന്ന ചെറുപ്പക്കാരന്‍


പയറ്റുതുടങ്ങി
വലതുമാറി ഇടതൊഴിഞ്ഞ്
ആഞ്ഞുചവിട്ടി കൊഞ്ഞനംകുത്തി
ഭീഷണിപ്പെടുത്തി
ശാപവാക്കുകളുരുവിട്ട്
വെള്ളംകുടിച്ച്
ഉച്ചത്തിലുറക്കെ “സ്തോത്രം”

അന്തിക്ക് ആത്മീയലഹരി
പാനംചെയ്യാനെത്തിയ
ആബാലവൃദ്ധമഖിലവും
ഏറ്റുചൊല്ലി രംഗം കൊഴുപ്പിച്ചു
മേമ്പൊടിയായി
ചടുലതാളത്തില്‍ സംഗീതവും.


അനുഭവസാക്ഷ്യമായ്
പ്രാക്തനജീവിതം
അനാവരണംചെയ്തു
അഭിമാനപുരസരം പുംഗവന്‍

“വെള്ളമടിച്ചിട്ടുണ്ട് വ്യഭിചരിച്ചിട്ടുണ്ട്‌
മോഷ്ടിച്ചിട്ടുണ്ട് ഗുണ്ടാപ്പണിചെയ്തിട്ടുണ്ട്
മാനസാന്തരപ്പെട്ടിട്ടൊടുവില്‍
കര്‍ത്താവിന്റെ വേലചെയ്യുന്നു
ജീവിതം സുഖകരമിന്നു
നിങ്ങളും രക്ഷിക്കപ്പെടണം”


വചനം കേട്ടകുഞ്ഞാടുകളിലൊന്നു
ഒന്നുംമിണ്ടാതെ പരാങ്മുഖനായ്
പള്ളിക്കുപുറത്തുകടക്കെ
കാരണമന്വേഷിച്ചു പുരോഹിതന്‍


“ടിയാന്‍ പറഞ്ഞതുപോലൊന്നും
ഞാന്‍ചെയ്‌തിട്ടില്ലായാതിനാല്‍‌
ഇവയൊക്കെ ചെയ്തിട്ടു മാനസാന്തരപ്പെടാം
എങ്കിലല്ലേ കേട്ടിരിക്കാന്‍സുഖമുള്ളൊരു
സാക്ഷ്യമെനിക്കുമുണ്ടാകൂ”


നിരുദ്ധകണ്ഠനായ്‌നിന്നുപോയ്
പാവം പുരോഹിതശ്രേഷ്ഠന്‍.


///////////////////////ബന്‍സി ജോയ്
 

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...