2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

രാവണപക്ഷത്ത്


-----------------------------------------------------------@
കഥയമമ കഥയമമ
കഥകളതിസാദരമെന്ന്‍
അമരകവിതുഞ്ചത്തുരാമാനുജന്‍
കിളിമകളോടതിസരസമുരചെയ്ത്
വിരചിച്ച രാമകഥാമൃതം
ഉത്ക്കടഹര്‍ഷവുമതിവാത്സല്യവു-
മുള്‍ച്ചേര്‍ത്ത്‌ പ്രാര്‍ത്ഥനാനിര്‍ഭരം മുത്തശ്ശി
കോസലനാഥനെ സ്മരിച്ച്
പാരായണം ചെയ്യവേ
ഗ്രാനൈറ്റു തറയില്‍
വിലയേറിയ കാര്‍പെറ്റില്‍
എല്ലീഡീ വെട്ടത്തില്‍
ബോറടിച്ചെന്നുപറഞ്ഞ്
കോട്ടുവായിട്ട് സമീപസ്ഥനായ്‌
കൊച്ചുമകന്‍


അറിയണം നീയിക്കഥ
ഇടമുറിയാതെ മുഴുവനായ്
ഹൃദയത്തിലാക്കണം
അകപ്പോരുളറിയണം
അധര്‍മ്മത്തിന്നെതിരേ
മുഴങ്ങുന്നഞാണൊലി
അന്തരംഗത്തിലെന്നും മിടിക്കണം
രാമന്‍റെചരണം നിനക്കെന്നും
ശരണമായ്ത്തീരണം
പ്രാണന്‍പൊലിയുന്ന
നേരത്തുപോലുമാ
ലോകാഭിരാമന്‍റെ നാമം
മോക്ഷത്തിന്നുതകുന്ന കാരണമെന്ന്
അകതാരിലറിയണം
നീയെന്നുമെന്നും
മകനേ നീയിക്കഥാസാരമൊക്കെ
നന്നായിഗ്രഹിക്കേണമെന്നുചൊല്ലി
കവിളില്‍തലോടി സ്നേഹംചൊരിയവേ
മുത്തശ്ശിക്കറിയുമോ ടാര്‍സനെ
സ്പൈഡര്‍മാന്‍ സൂപ്പര്‍മാന്‍
മാന്‍ഡ്രേക്കെന്നിവരേ
എത്രരസമാണെന്തൊരു
സാഹസമാണിവരുടേതെന്ന്


കനപ്പെട്ടു നിശബ്ദത
പുകയായ് പുകഞ്ഞുയരുന്നു കദനം
നിര്‍വ്വാണപ്രാപ്തിക്കാഗ്രഹം
ജനിച്ചു പോയ്‌
സാധ്വിയാമാമുത്തശ്ശിക്ക്
രാമ ശ്രീരാമ സീതാഭിരാമ
ശ്രീരാമചന്ദ്രപരമാനന്ദമൂര്‍ത്തേ
രാമസായകമേറ്റൊരു
മോക്ഷമാണിതില്‍ഭേദം
ആയതിന്നിനി
രാവണപക്ഷത്തും ചേരാം
രാമ ശ്രീരാമചന്ദ്ര
നീതന്നെശരണം


///////ബന്‍സിജോയ്

അഭിപ്രായങ്ങളൊന്നുമില്ല:

ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...