2015, ജൂലൈ 22, ബുധനാഴ്‌ച

മരുഭൂമിയിലെ പരീക്ഷകന്‍




ഒരുകയ്യില്‍ ബൈബിളും
മറുകയ്യില്‍ പ്രലോഭനവുമായി
സഹോദരാ..എന്നു വിളിച്ചുകൊണ്ട്
പരീക്ഷകന്‍ കയറിവന്നു
രോഗദുരിതങ്ങള്‍ നിറഞ്ഞ
എന്‍റെ ജീവിതമരുഭൂമി
അവന്‍റെ പരീക്ഷണഭൂമിക.
അവന്‍റെ നാവിന്‍റെവായ്ത്തലയില്‍
എന്‍റെകുടുംബം കുടുങ്ങി.
മാനസാന്തരപ്പെട്ടോ?
രക്ഷിക്കപ്പെട്ടോ?
മുങ്ങിച്ചേര്‍ന്നോ?
പരീക്ഷകന്‍ ചോദിച്ചു
മൌനം മറുപടി.

പാപമോചനം
ശാപമോചനം
ദുരിതമോചനം
അത്ഭുതരോഗശാന്തി
അമേരിക്കയ്ക്കു വിസാ
നാലഞ്ചുബാങ്കുകളില്‍
നിറയെ കാശ്
ബംഗ്ലാവ്, കാറ്
ജീവന്‍റെ പുസ്തകത്തില്‍പേര്
സ്വര്‍ഗരാജ്യത്തില്‍ ഏക്കറുകള്‍
പട്ടയംപതിച്ചു നല്‍കും
അയതിന്നു പാവിരിച്ചു-
നമസ്കരിക്കുകെന്നു പരീക്ഷകന്‍

നമസ്കരിച്ചു, ഒറ്റനമസ്കാരം,
പരീക്ഷകന്നു ദര്‍ശനപ്പെരുമഴ
അര്‍ത്ഥരഹിതമപശബ്ദങ്ങള്‍
അന്യഭാഷയെന്നു വ്യാഖ്യാനം.
എല്ലാത്തിനുംകാരണം പാപമാണ്
ആത്മാവില്‍നിന്ന് അരുള്‍മൊഴി!
നോക്കിയതു പാപം
നടന്നതു പാപം
നിന്നതു പാപം
തോട്ടത്, പിടിച്ചത്,
തുപ്പിയത്, തുമ്മിയത്,
തിന്നത്, കുടിച്ചത്,
ജനിച്ചത്,ജനിപ്പിച്ചത്
എല്ലാം പാപം
(ക്രീയ = പാപം)
വിലക്കപ്പെട്ടകനി കഴിച്ച
ആദമിനെപ്പോലെ ഞാന്‍
പോത്തിപ്പിടിച്ചു തലകുനിച്ചുനിന്നു.
എന്‍റെഹൃദയത്തില്‍ നഖംതാഴ്ത്തി
മടിശ്ശീലയിലെ ഒാട്ടക്കാലണപോലും
പിച്ചിപ്പറിച്ചെടുത്ത് അവന്‍
തടിച്ചുകൊഴുത്തുന്മാദിക്കുന്നെന്നു
നല്ല ശമര്യാക്കാരന്‍ പറഞ്ഞിട്ടും
എനിക്കു കേള്‍ക്കാന്‍ കഴിഞ്ഞില്ല.

////ബന്‍സി ജോയ്                                22/7/2015






ചക്കോസാറിന്റെ നീതിബോധവും അപ്പുക്കുട്ടന്റെ പ്രതിസന്ധിയും

................................................... പത്താംക്ലാസ്സു ബീയിലെ അപ്പുക്കുട്ടന്‍ ഒരപ്രഖ്യാപിത സമരത്തിനു കോപ്പുകൂട്ടി. കുട്ടി...